Monday, January 13, 2014

നിന്ദിക്കാന്‍ എനിക്കുണ്ട് നൂറു കാരണങ്ങള്‍....

“ടു ബി ഓര്‍ നോട്ട് ടു ബി” എന്ന ഹാംലെറ്റിന്റെ പ്രസിദ്ധമായ ചോദ്യം പോലെ മലയാളിവിശ്വാസികളെ ഇന്ന് നേരിടുന്ന ചോദ്യമാണ്: "നിന്ദിക്കണോ വന്ദിക്കണോ?"

നിന്ദിക്കാം, വന്ദിക്കാം; Sitting on the Fence എന്ന ഇംഗ്ലീഷ്കാരന്റെ നിഷ്പക്ഷതാകുതന്ത്രം കൈമുതലായുള്ളവര്‍ക്ക് നിന്ദിക്കാതെയും വന്ദിക്കാതെയും കഴിയാം.


ഇന്നാട്ടിലെ മലയാളികളുടെയിടയില്‍ സാംക്രമികരോഗംപോലെ പടര്‍ന്നു പിടിക്കുന്ന ധ്യാനവിപത്തിനെ വന്ദിക്കണോ, നിന്ദിക്കണോ എന്ന് ഞാന്‍ ചിന്തിച്ചു നോക്കി; ഒരിക്കലല്ല, പല വട്ടം.

വന്ദിക്കാനോ, നിന്ദിക്കാതിരിക്കാനോ ഒരു കാരണം പോലും കണ്ടെത്തിയില്ല. നിന്ദിക്കാന്‍ നൂറു കാരണങ്ങള്‍ എനിക്കുണ്ട്.

വെട്ടുകിളികളെപ്പോലെ കൂടെക്കൂടെ ഇവിടെയെത്തി, വിതയ്ക്കാതെ, ജനത്തിന്റെ അധ്വാനഫലം തട്ടിയെടുക്കുന്ന ഈ ആത്മീയ ലാടഗുരുക്കള്‍ക്ക് വിശ്വാസിസമൂഹത്തോട് സ്നേഹമോ പ്രതിബദ്ധതയോ ഉണ്ടെന്നതിന് ഒരു കാരണവും കണ്ടെത്താന്‍ നാളിതുവരെ എനിക്കായിട്ടില്ല.

ഇവര്‍ കാണിക്കുന്ന ഭക്തിയാഭാസങ്ങള്‍ക്കും കൊലവിളിക്കും ന്യായീകരണമായി വിശുദ്ധഗ്രന്ഥത്തിലെ ഒരു വാചകം കാണിച്ചു തരാനുണ്ടോ? അതിനെതിരായി ആ ഗ്രന്ഥത്തില്‍ എത്രയോ വാചകങ്ങളുണ്ട്. അതൊന്നും കുഞ്ഞാടുകള്‍ക്കറിയില്ലേ?.

ബൈബിള്‍ വ്യാഖ്യാനതൊഴിലാളികളുടെ കൂട്ടില്ലാതെ ആ പുസ്തകത്തിലൂടെ ഒന്ന് കടന്നുപോവുക. നിങ്ങളെ വഴിപിഴപ്പിക്കുന്ന ഈ ദുഷ്ടശക്തികളുടെ തനിനിറം കാണാന്‍ അത്രമാത്രമേ ചെയ്യേണ്ടൂ.

കാരിസ്മാറ്റിക്ക് പ്രസ്ഥാനം തുടങ്ങിയകാലത്ത് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ എല്ലാവരും അതിനെ അപലപിച്ചു. അതിനുകാരണമായി അവര്‍ക്ക് നിരവധി കാരണങ്ങള്‍ നിരത്താനുണ്ടായിരുന്നു. എന്നാല്‍ അതിന് വിസ്വാസന്ധത ബാധിച്ചവരുടെയിടയില്‍ ഉണ്ടായ ജനപ്രീതിയും അത്തരം ധ്യാനകേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന പണത്തിന്റെ കിലുക്കവും കേട്ടപ്പോള്‍ തിരുമേനിമാര്‍ കവാത്ത് മറന്നു; ഇന്നവര്‍ ഇവറ്റകളുടെ പിറകെ കൂടിയിരിക്കുന്നു.

ആലഞ്ചേരിപിതാവ് വലിയ പദവിയില്‍ എത്തിയതിനുശേഷവും കേട്ടു ചില മുറുമുറുപ്പുകള്‍. ധ്യാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം.

എന്തുസംഭവിച്ചു? നിങ്ങള്ക്ക് കിട്ടുന്നതിന്റെ ഒരു വീതം ഞങ്ങള്‍ക്കും വേണം എന്ന സന്ദേശം മാത്രമായിരുന്നില്ലേ അത്?

ധ്യാനങ്ങള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ തുടരുന്നു.

വ്യാവസായികാടിസ്ഥാനത്തില്‍ മലയാളിയെ ധ്യാനിപ്പിച്ചു പണം പിടുങ്ങാന്‍ ഈ കാപാലികര്‍ എത്തിതുടങ്ങിയ കാലത്ത് ഇതിനെതിരെ ലണ്ടനിലെ കത്തോലിക്കാ ബിഷപ്പ്‌, അലന്‍ ഹോപ്സ് ശക്തമായി താക്കീത് നല്‍കിയതായി സാക്ഷാല്‍ ദീപിക തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എട്ടു വര്‍ഷങ്ങള്‍ മുമ്പ്, 2006-ല്‍ ഇപ്പറഞ്ഞ ബിഷപ്പ്‌ പറഞ്ഞതനുസരിച്ച് “സഭാ നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് മിക്ക ധ്യാനങ്ങളും നടത്തിവരുന്നത്. സഭയുടെ കെട്ടുറപ്പിനെ ദോഷമായി ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ല.”

എന്നിട്ടും, ഇത്തരം ചൂഷണത്തെ നിന്ദിക്കരുതുപോലും!

വിശ്വാസത്തിന്റെ തിമിരം ബാധിച്ചവരുടെ പണം അപഹരിക്കുന്ന കള്ളന്മാരോട് ഏതാനും ചോദ്യങ്ങള്‍....

മീന്‍കുളത്തില്‍ നിന്നുമാത്രം മീന്‍ പിടിക്കുന്ന നിങ്ങള്‍ക്ക് ഒരു തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഈ മുതലെടുപ്പിന്റെ ഗുണങ്ങള്‍ വിവരിക്കാമോ?

കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ്‌ പാപ്പയ്ക്ക് ഇവിടെ സംഭവിക്കുന്നതിനെക്കുറിച്ച് സമഗ്രവും സത്യസന്ധവുമായ ഒരു റിപ്പോര്‍ട്ട് (സുതാര്യമായിരിക്കണം, കല്ലുവച്ച നുണകള്‍ മാത്രമായിരിക്കരുത്) ഉണ്ടാക്കി അയച്ച് അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ പ്രഹസനം തുടരാന്‍ സാധിക്കുമോ?

കേരളത്തിലുള്ളവരുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതിനുശേഷമാണോ നിങ്ങള്‍ ഇവിടെയുള്ളവരുടെ നിസാര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയം കണ്ടെത്തുന്നത്?

ഇല്ല, നിങ്ങള്‍ ഈ ചോദ്യങ്ങളെ അവഗണിക്കും.

പട്ടികള്‍ കുരയ്ക്കും... ബിസിനസ് തുടരും.

ഹല്ലേലൂയ......