Sunday, June 16, 2013

ദൈവത്തിന് തെളിവില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാല്‍ മതം ആധുനിക കാലത്ത് ചില അടുവുനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. കടം വീട്ടാനുള്ള ബാധ്യത ഒഴിവാക്കാനായി ഒരാള്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കുന്ന കുബുദ്ധിയിവിടെ കാണാം. പണ്ട് സ്വപ്നദര്‍ശനവും വെളിപാടും അത്ഭുതങ്ങളുമൊക്കെയായി പരന്നൊഴുകിയിരുന്ന ദൈവങ്ങളൊക്കെ ആ മടപ്പണി നിറുത്തിയിട്ട് കാലം കുറെയായി. എന്താണെന്നറിയില്ല, ദൈവം അപ്രതീക്ഷിതമായി അലസനായി മാറി. പ്രത്യക്ഷപ്പെടലും അശരീരികളും തീരെയില്ലാതായി. അവസാനകാലത്ത് ചിലരെ നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തുവത്രെ. അതിനുശേഷം കടയടച്ച് ഷട്ടറിട്ടു. കാണാനാവില്ല, കേള്‍ക്കാനാവില്ല, അറിയാനാവില്ല.... തുടങ്ങി മനുഷ്യന് പരിചിതമായ മിക്ക 'ഇല്ല'കളും ദൈവരക്ഷയ്ക്കായി ഉപയോഗിക്കാന്‍ മതം ബാദ്ധ്യസ്ഥമായി. എല്ലാ 'ഇല്ല'കളും ചേര്‍ന്നവനാണ് ദൈവമെങ്കിലും, വിചിത്രമെന്ന് പറയട്ടെ, ആ ദൈവം 'ഉണ്ട്' എന്ന് മതം ആണയിടുന്നു.

ദൈവം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍വ 'ഇല്ല'കളും അടിച്ചേല്‍പ്പിക്കുന്നത്. തെളിവ് തേടി ആരെങ്കിലും ശല്യപ്പെടുത്തുമെന്ന ആശങ്ക മൂത്ത് ചില മതങ്ങള്‍ ദൈവത്തെ ഈ പ്രപഞ്ചത്തില്‍ നിന്നുതന്നെ ആട്ടിപ്പായിച്ചു. ഈ പുറത്താക്കപ്പെട്ടവനെ കുറിച്ച് ആരെങ്കിലും നിയമമോ വ്യവസ്ഥയോ ഉന്നയിച്ച് തര്‍ക്കിക്കുമെന്ന ഭയം മൂലം അറിയപ്പെടുന്ന എല്ലാ നിയമങ്ങളും അവന് ബാധകമല്ലാതാക്കി. ഇക്കാലത്താരും ദൈവത്തിന് 'തെളിവ്' ചോദിക്കാറില്ല. ദൈവത്തിന് തെളിവില്ലാത്തതല്ല മറിച്ച് ചോദിക്കന്നവന് വെളിവില്ലാത്തതാണ് പ്രശ്‌നമെന്ന് മതം പ്രഖ്യാപിച്ചിട്ടുണ്ട്. ആ പറയുന്നതില്‍ കാര്യമില്ലാതില്ല. തെളിവില്ലാത്ത ഒന്നിന്റെ തെളിവെവിടെ എന്നു ചോദിക്കുന്നതിലും വിചിത്രമായി എന്താണുള്ളത്?! ദൈവത്ത കുറിച്ച് കാര്യമായൊന്നും അറിയാനാവില്ലെന്നാണ് മതപ്രചരണമെങ്കിലും ഇനി കാര്യമായിട്ടൊന്നും അറിയാന്‍ ബാക്കിയില്ലെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം! ദൈവത്തെ കുറിച്ച് മതം എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് ദൈവത്തിനുപോലും അറിയാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തെളിവില്ലാത്തതിനാല്‍ മതം 'അറിഞ്ഞ'തൊക്കെ സത്യമാണോ എന്നറിയാനും വകുപ്പില്ല. അതായത് ദൈവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒന്നുമറിയാനാവാത്ത ദൈവത്തെ പറ്റി എന്തും പറയാനുള്ള അവകാശാധികാരങ്ങള്‍ മതവിശ്വാസിക്ക് സ്വന്തം.

എല്ലാത്തിനും കാരണമുണ്ട്, ദൈവത്തിനത് വേണ്ട, എല്ലാത്തിനേയും ചലിപ്പിക്കാന്‍ ആരെങ്കിലും വേണം, ദൈവം സ്വയം തുള്ളിക്കൊള്ളും -ഈ മാതൃകയിലുള്ള അക്വിനാസ് നിയമങ്ങള്‍ തന്നെ ഉദാഹരണം. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് പരിപാലിച്ച് ഭക്തന്റെ തലയില്‍ കയറി വിക്രിയകള്‍ കാട്ടിക്കൂട്ടുകയും ബലിമൃഗത്തില്‍ രക്തം കാണുമ്പോള്‍ അര്‍മാദിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് എടുത്ത് പ്രപഞ്ചത്തിന് അപ്പുറമായ എങ്ങോട്ടോ(?) വലിച്ചെറിഞ്ഞത്. ഇനി ആ വകുപ്പില്‍ ആരും തെളിവ് ചോദിക്കില്ലല്ലോ! ദൈവത്തിന്റെ സര്‍വരേഖകളും ആധാരവും ഫാന്‍സ് ക്‌ളബ്ബുകളും ഉള്ളത് പ്രപഞ്ചത്തിലാണ്. പക്ഷെ പുള്ളി പ്രപഞ്ചത്തിനുള്ളില്‍ കാലുകുത്തില്ല- അസ്സല്‍ 'വെടിക്കെട്ടുകാരന്‍ ദൈവം'! പ്രപഞ്ചത്തിന് ബാഹ്യമായ എവിടെ എന്നുചോദിച്ചാല്‍ പ്രപഞ്ചത്തിലിരുന്ന് പ്രപഞ്ചബാഹ്യം എവിടെയെന്ന് ചോദിക്കുന്നോ, കയറെടാ റാസ്‌ക്കല്‍ വണ്ടിയില്‍''-എന്നായിരിക്കും മതമറുപടി.

പിന്നെ ഒരു തലവേദന പ്രപഞ്ചനിയമവും ഭൗതികനിയമങ്ങളുമായിരുന്നു. അവയൊന്നും ദൈവത്തിന് സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന വാശിയിലാണ്. ആ വിഷയങ്ങളിലും ദൈവത്തിന് പൂജ്യം മാര്‍ക്കാണെന്ന് മനസ്സിലാക്കിയ മതം ദൈവത്തെ അത്തരം നിയമങ്ങള്‍ക്കെല്ലാം അതീതമായി പ്രതിഷ്ഠിച്ച് കാര്യങ്ങള്‍ എളുപ്പമാക്കി. ഉണ്ടാക്കിയവന് നിയമം ഉണ്ടാക്കാന്‍ ആരും വളര്‍ന്നിട്ടെല്ലെന്ന് തീട്ടൂരവുമിറക്കി. ഇടയ്ക്കിടെ മഹാവിഭേദനം, താപഗതികം, ക്വാണ്ടം സിദ്ധാന്തം എന്നിവ പോലുള്ള പ്രാപഞ്ചിക പരികല്‍പ്പനകളും നിയമങ്ങളുമൊക്കെ ഉദ്ധരിച്ച് 'പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതമായ', പ്രപഞ്ചത്തിലേയില്ലാത്ത ദൈവത്തെ തെളിയിക്കുന്ന ഒടിയന്‍മാരും രംഗത്തുണ്ട്. പ്രാപഞ്ചികനിയമങ്ങള്‍, ഭൗതികസമവാക്യങ്ങള്‍ ഇതൊക്കെ നിങ്ങള്‍ പ്രപഞ്ചാതീതന്റെ കാര്യത്തില്‍ ഉന്നയിക്കുന്നത് ശരിയാണോ എന്നൊക്കെ ചോദിച്ചാല്‍ ഒടിയന്‍മാര്‍ നിലവിടും. എന്തുകൊണ്ടായിക്കൂടാ? ദൈവത്തിന് അജ്ഞതയിലേ ഒളിക്കാനാവൂ. അജ്ഞതയും സംശയവും ഏതൊക്കെ മേഖലകളിലുണ്ടോ അവിടെയൊക്കെ ദൈവത്തെ ഒളിപ്പിക്കാം. അതിനി ബിഗ് ബാംഗായാലും തമോഗര്‍ത്തമായാലും വേണ്ടില്ല. ഒളിത്താവളമെവിടെയുണ്ടോ അവിടെയാണ് ദൈവം പൂത്തുലയുന്നത്. ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും സാധാരണക്കാരുടെ ജ്ഞേയ-ജ്ഞാന പരിധിക്ക് പുറത്താണ്. ഇത്തരം സങ്കീര്‍ണ്ണമായ ആശയങ്ങളുടെ പുകമറയില്‍ കുറച്ചുനേരം ദൈവത്തെ സംരംക്ഷിക്കാം.

മഴവില്ലിലും ചിക്കന്‍പോക്‌സിലും ഇരുട്ടറകളിലും ഒളിച്ചിരുന്ന ദൈവം ഇപ്പോള്‍ ക്വണ്ടം അലകള്‍ക്കുള്ളില്‍ അട്ടയെപോലെ ചുരുണ്ടുകയറാന്‍ ശ്രമിക്കുകയാണ്. ഭാവിയിലെ ദൈവത്തിന്റെ ഒളിയിടങ്ങള്‍ ശാസ്ത്രം നാളെ എന്തൊക്കെ കണ്ടുപിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്ന മേഖലകളില്‍ നിന്നും അജ്ജതയുടെ കുറ്റിക്കാട്ടിലേക്ക് ദൈവത്തെ മാറ്റിപ്രതിഷ്ഠിക്കലാണ് മതവ്യാഖ്യാനഫാക്ടറിക്കാരുടെ കുലത്തൊഴില്‍. കാടും പടലും പിടിച്ചു കിടക്കുന്ന ഒളിസ്ഥലം വെട്ടിവെളിപ്പിക്കുമ്പോള്‍ ഇഴജന്തുക്കല്‍ തൊട്ടടുത്ത മറവിലേക്ക് ഓടി മറയുന്നതുപോലെ ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്നിടത്തു നിന്നൊക്കെ ദൈവം പ്രാണരക്ഷാര്‍ത്ഥം അജ്ഞതയുടെ തമസ്സിലേക്ക് പലായനം ചെയ്യുന്നു.............. 

courtesy ; Ravi Chandran C